പാലക്കാട്: മലയോരജനത പ്രതീക്ഷയോടെ കാണുന്ന ഒരു ഗവൺമെന്റിന്റെ പ്രവർത്തനപദ്ധതി രൂപവത്കരണത്തിന്റെ ആദ്യനാളുകളിൽത്തന്നെ തീവ്ര പരിസ്ഥിതി ചിന്തയുള്ള ഏതാനും വ്യക്തികളും സംഘടനകളും സംസ്ഥാന വനംവകുപ്പിനെ നിയന്ത്രിക്കുന്ന നിലയിലേക്കു പ്രസ്താവനകളുമായി പ്രത്യക്ഷപ്പെടുന്നതു മലയോര ജനതയോടുള്ള വെല്ലുവിളിയാണെന്നു സംയുക്ത കർഷകസംരക്ഷണ സമിതി.
കർഷകന് അതിജീവനം അസാധ്യമാകുന്ന കാലത്ത് കപട പരിസ്ഥിതിസ്നേഹത്തിന്റെയും, വന്യമൃഗസ്നേഹത്തിന്റെയും പുറംകുപ്പായം എടുത്തണിയുന്ന മനുഷ്യവിരുദ്ധ നിലപാട് എടുക്കുന്ന വ്യക്തികളെ സർക്കാരുമായി ബന്ധപ്പെട്ട ചർച്ചകളിൽനിന്നും തീരുമാനങ്ങളിൽനിന്നും മാറ്റിനിർത്താൻ ജാഗ്രത കാട്ടണം.
വനംമന്ത്രി ഷിബു ബേബി ജോണിന്റെ നിർദേശാനുസരണം കാട്ടുപന്നികളെ കൊല്ലുന്ന സ്പെഷൽ ഡ്രൈവിനെതിരേ രാഹുൽ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും പരാതി അയയ്ക്കാൻ ജാഗ്രത കാണിക്കുന്ന കപട പരിസ്ഥിതിവാദികൾ കാട്ടുപന്നിമൂലം കേരളത്തിലെ ലക്ഷക്കണക്കിനു സാധാരണ കർഷകർ അനുഭവിക്കുന്ന ദുരിതങ്ങൾക്കു നേരേ കണ്ണടയ്ക്കുന്നവരാണ്. കാട്ടുപന്നി ആക്രമണം മൂലം ജീവൻ നഷ്ടപ്പെട്ട കർഷകരുടെ ആശ്രിതരോടുള്ള വെല്ലുവിളിയാണ് ഇത്തരം നിലപാടുകൾ.
കേരളത്തിലെ ഒരു കർഷകനും പരിസ്ഥിതിക്കും അത്തരം നല്ല പ്രവൃത്തികൾക്കും എതിരല്ല. പതിനായിരക്കണക്കിനു കർഷകരാണ് ഗ്രീൻ എനർജിയിലേക്കു മാറിയിരിക്കുന്നത്. സോളാർ മോട്ടോർ മുതൽ സോളാർ ഫെൻസിംഗ് വരെ ഉദാഹരണമാണ്. കൃഷി കർഷകനുവേണ്ടി മാത്രമുള്ളതല്ല മറിച്ച് അതു സമൂഹത്തിന് ചെയ്യുന്ന സേവനമായി കണക്കാക്കണം. നാമമാത്രമായ ലാഭം മാത്രം സ്വീകരിച്ചു കൊണ്ട് കർഷകൻ നാടിനുചെയ്യുന്ന ഈ സേവനത്തെ ആദരിച്ചില്ലെങ്കിലും ആക്രമിക്കരുതെന്നത് കർഷകരുടെ ന്യായമായ ആവശ്യമാണ്.
കേരളത്തിലെ ഗതികെട്ട കർഷകരുടെ ഇത്തിരി വെളിച്ചമാണ് സംസ്ഥാന വനം, കൃഷി വകുപ്പുകൾ പ്രഖ്യാപിക്കുന്ന മനുഷ്യപക്ഷത്ത് നില്ക്കുന്ന പദ്ധതികൾ. ഇത്തരം നല്ല പരിശ്രമങ്ങൾക്കെതിരേയുള്ള കപട പരിസ്ഥിതിവാദികളുടെ നിലപാടുകളെ തള്ളിക്കളയാൻ സർക്കാർ തയാറാകണമെന്ന് സംയുക്ത കർഷക സമിതി പാലക്കാട് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.